Thursday, August 7, 2008

എസ്സെംസിയും മലയാളവും

യൂണീകോഡിന് പിന്തിരിഞ്ഞു നിന്ന് ആണവ ചില്ലുകളെ ഇത്രമാത്രമെതിര്‍ക്കാന്‍ എന്താണുള്ളതെന്നു മനസ്സിലാകുന്നില്ല. അത് എസ്.എം.സി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗം അല്ലാത്തതുകൊണ്ടു മാത്രമാണെന്നു പോലും തോന്നിപ്പോകുന്നു. ഗ്നു/ലിനക്സിനു കാര്‍ക്കോടകന്‍ പാച്ച് ശരിയായതെന്നാണ്?? അതിനുമുമ്പ് ആരും പാച്ചുകളൊന്നും സൃഷ്ടിച്ചിരുന്നില്ലേ?? അതുപോലെ zwnj ഉം zwj ഉം നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗത്തിന്റെ പടിയായിതിനെ കാണരുതോ? സ്വന്തം കഴിവില്‍ അഭിരമിച്ചുപോയാലിങ്ങനിരിക്കും; തങ്ങള്‍മാത്രം ശരിയെന്നും ഇതരലോകവാസികളെല്ലാം മന്ദബുദ്ധികളോ ശത്രുക്കളോ ആണെന്നും തോന്നിപ്പോകും. എസ്.എം.സിയെ കുറ്റപ്പെടുത്താനാവില്ല, അമേരിക്കയ്ക്കും, അല്‍ഖായിദക്കും പറ്റിയതേ അവര്‍ക്കും പറ്റിയിട്ടുള്ളു. എസ്.എം.സി. തങ്ങള്‍ക്ക് ഗ്നു/ലിനക്സിലുള്ള മേധാവിത്തത്തെ പരമാവധി ഉപയോഗിച്ച് [മൈക്രോസോഫ്റ്റ് അവരുടെ ആശയങ്ങള്‍ക്ക് ചെയ്യുന്നതെന്തോ അതു പോലെ ;-) ] തങ്ങള്‍ പറയുന്നതുമാ‍ത്രമാണു ശരിയെന്നു സ്ഥാപിക്കാനുള്ള ശ്രമമല്ലേ എന്നൊന്നും ആരും സംശയിക്കരുത്. സ്വതന്ത്രമായ ചിന്തയില്‍ നിന്നുരുത്തിരിയുന്ന പ്രബുദ്ധങ്ങളായ നിര്‍ദ്ദേശങ്ങളാണവ.

കണ്‍‌വലയം കണ്വലയം എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടില്ലേ. റോഡിലിറങ്ങിയാല്‍ ഓട്ടോറിക്ഷപോലെയോ കുടിവെള്ള പൈപ്പിലെ കാറ്റു പോലെയോ നിത്യജീവിതത്തില്‍ അത്യന്താപേക്ഷവും സമാനപദങ്ങള്‍ പോലുമില്ലാത്തതുമായ വാക്കുകളാണവ. മലയാളികള്‍ സേര്‍ച്ചുന്നതു മുഴുവനും ഈ പദങ്ങള്‍ക്കായാണ്. ഇതിനിടയിലെന്തിനാ ചേട്ടാ (ചേച്ചീ) നിങ്ങള്‍ കുന്നംകുളം (കുന്ദംകുളം) പോലുള്ള പദങ്ങള്‍ ചിന്തിച്ചെടുക്കുന്നത്? സ്വതന്ത്രചിന്തയ്ക്കുള്ള അവകാശം സ്വമകയ്ക്കാണെന്നറിയില്ലേ കഴുതപൊതുജനങ്ങളേ... പുതിയ ലിപി മലയാളമല്ലന്നു പറഞ്ഞു വിദ്യാര്‍ത്ഥികളെ കഷ്ടത്തിലാക്കിയ ഒരു അദ്ധ്യാപകനെ ഓര്‍മ്മവരുന്നു. അയ്യാള്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന പിള്ളേരെ പെട്ടന്നു പഴയലിപിയില്‍ [തനതു ലിപിയില്‍ :-p] അക്ഷരം പഠിപ്പിക്കാനൊരു ശ്രമം നടത്തി. കുട്ടികള്‍ അതുവരെ പഠിച്ചതു പുതിയലിപി, പുസ്തകങ്ങളിലുള്ളവയും പുതിയലിപി. ആറില്‍ അദ്ധ്യാപകന്‍ മാറിയതു കൊണ്ട് വലിയ പ്രശ്നമുണ്ടായില്ല.

കുറഞ്ഞപക്ഷം കോമ്പ്ലക്സ് അല്ലാതെ എന്താണ് പ്രശ്നം എന്നെങ്കിലും മനുഷ്യര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറയണം. അതൊന്നും പറയില്ല; പകരം സിബു വളഞ്ഞവഴിയിലൂടെ യൂണീകോഡിനെ കൊണ്ടു ചെയ്യിച്ചതാണെന്നു പറഞ്ഞുകളയും, അതാണ് സുഖം, സ്വതന്ത്രം, കൂടുതല്‍ ചോദ്യങ്ങളുണ്ടാവില്ലല്ലോ ;-). ഏറ്റവും മനസ്സിലായ വാദങ്ങള്‍ എന്താണെന്നാല്‍ അത് ഭാഷയെ തകര്‍ക്കുന്നുവെന്നത്രേ... മലയാളത്തില്‍ ചില്ലുകള്‍ അക്ഷരമേയല്ലപോലും. . ആര്‍ക്കെങ്കിലും “ഞാന്‍‌“എന്നെഴുതണമെങ്കില്‍ “ഞാ” എഴുതുക; “ന” എഴുതുക “്“ ഇടുക zwj ഇടുക. മലയാളം വ്യാകരണത്തില്‍ ഏറെ പ്രസക്തിയുള്ളതും എഴുത്തച്ഛന്‍, രാജരാജവര്‍മ്മ, മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാര്, പന്മന തുടങ്ങിയവര്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചുപയോഗിക്കുകയോ പറയുകയോ ചെയ്തിട്ടുള്ള പ്രത്യേക സാധനമാണീ zwj. കുറ്റ്യാടിക്കടുത്ത് പാറശാലയിലെ ഒരു തെങ്ങിന്റെ പൊത്തില്‍ നിന്നും ലഭിച്ച പുരാതന താളിയോല ഗ്രന്ഥത്തില്‍ ഈ ചിഹ്നത്തെ ‘ഷക്കീല’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അത്ര പ്രാധാന്യമുള്ള zwj ഒഴിവാക്കിയാല്‍ മലയാള ഭാഷയ്ക്ക് ചരമഗീതം പാടണം എന്നത്രേ എസ്.എം.സിയുടെ വാദം. അടുത്തവാദം അത് ഇരട്ട എന്‍‌കോഡിങ് കൊണ്ടു വരുന്നുവത്രേ.. റിവേഴ്സ് കോമ്പാറ്റബിലിറ്റി കൊടുത്തില്ലായിരുന്നെങ്കില്‍ അതായിരിക്കും അപ്പോള്‍ പ്രശ്നം. അല്ലങ്കില്‍ തന്നെ ഒടക്കുണ്ടാക്കാനാണോ ബുദ്ധിമുട്ട്. ഇപ്പോള്‍ എസ്എംസിയുടെ നിലപാടു മൂലം മലയാളത്തിനു ഇരട്ട സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കുന്നു; ഹൂറേ.. എത്ര മനോഹരം.. മലയാളം വളരട്ടെ..

ഒരു യന്ത്രനിയന്ത്രണതന്ത്രവും (ഓ.എസ്സിനു എസ്സെംസി ഇങ്ങിനെ പറയാനിടയുണ്ട്) യൂണീകോഡ് 5.1 ഉപയോഗിക്കുന്നില്ലന്നാരോ പറയുന്നതുകേട്ടു. വിസ്റ്റ മുമ്പേ ഇറങ്ങിയതു കൊണ്ട് അതില്‍ കാണാനിടയില്ല. കമ്പനി മൈക്രോസോഫ്റ്റ് ആയതിനാല്‍ ഉടന്‍ തന്നെ സര്‍വ്വീസ് പാക് വരും, അതില്‍ കാണുമെന്നു ന്യായമായും വിശ്വസിക്കാം. അല്ലങ്കില്‍ തന്നെ ലത്തീന്മാര്‍ക്കു എന്തു 5.1? ഗ്നു/ലിനക്സ് എസ്സെംസിയുടെ കോളനിയായതിനാല്‍ അവിടെയും കാണില്ല. യൂണീകോഡ് 5.1 -നു ചേരുന്ന ഫോണ്ടില്ലന്നും ആരോ മുറുമുറുത്തിരുന്നു. പിന്തിരിപ്പന്‍ മൂരാച്ചി സ്വതന്ത്രമുതലാളിമാര്‍ക്ക് അങ്ങിനേയും ആശ്വസിക്കാവുന്നതാണ്. പാച്ചും, പാച്ചിയ പാച്ചും, പാച്ചിന്മേല്‍ പാച്ചുമില്ലാതെ ലിനക്സ് വേര്‍ഷനുകളിലേറ്റം പ്രചാരമുള്ള ഉബുണ്ടുവും ഫെഡോറയുമൊന്നുമിതുവരെ മലയാളം വൃത്തിയായി കാണിക്കാന്‍ തുടങ്ങിയിട്ടില്ല, അതുപോലും കഴിഞ്ഞിട്ടില്ലന്നര്‍ത്ഥം.

പുതുക്കിപ്പുതുക്കി പുതുലിപിയായിപ്പുരനിറഞ്ഞു നില്‍ക്കുന്ന അഞ്ജലിയെ ഉബണ്ടുവില്‍ നിന്നോ ഡെബിയനില്‍ നിന്നോ മറ്റോ ഇറക്കിവിടാനുള്ള ശ്രമവും നിന്ദാര്‍ഹം തന്നെ. കഷണ്ടിക്കു മരുന്നു കിട്ടിയേക്കും, പക്ഷേ ഈ രോഗത്തിനു മരുന്നുണ്ടെന്നു കള്ളസ്വാമിമാരുപോലും പറയില്ല. കുറേയധികം ഫോണ്ടുകള്‍ മെയിന്റൈന്‍ ചെയ്യുന്നുവെന്നവകാശപ്പെടുന്നവര്‍ അഞ്ജലി പോലെ കാണാനേറ്റം വൃത്തിയും, വ്യക്തമായ ലൈസന്‍സുമുള്ള ഒരു ഫോണ്ട് - അതിനെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അതു ശരിയാക്കി- ഉപയോഗിക്കരുത്, നീക്കംചെയ്തു ഓടിക്കണം - പകരം ആ സമയം ആരെവിടെ എമ്മെസോഫീസ് ഉപയോഗിക്കുന്നു, ആര് എവിടെ മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കുന്നു എന്നൊക്കെ തന്നെ നോക്കണം. പുതിയ ചില്ലുകൊട്ടാരത്തില്‍ അഞ്ജലിപ്പെണ്ണിനൊരു തുണയായി ഏവൂരാന്‍ രഘുച്ചെക്കനു ചില്ലുനിക്കറിടീപ്പിച്ചുവെങ്കിലും എസ്സെംസി ഈ പുകഞ്ഞകൊള്ളികളെവിടുണ്ടെന്നു പോലും പറഞ്ഞുതരില്ല, തീര്‍ച്ച. എങ്കിലും, അവര്‍ തന്നെ എങ്ങിനെ യൂണീകോഡ് 5.1 നെ 5.0 ആക്കി വായിക്കാം എന്നു പറഞ്ഞുതരും. സൂചിയും തൂമ്പയുമെല്ലാം പണിയായുധങ്ങളാണല്ലോ..

ലിനക്സും എസ്.എം.സിയും എല്ലാം വളരട്ടെ, എല്ലാരും dirty shaky dud windows ഉപയോഗിക്കട്ടെ... ജയജയ കോമള കേരള ധരണി

ബൃദകോഷ്ഠം:"Unlike Latin in most of the indic languages collations are based on linguistic rules. If you are not considering it, it will become a play yard of people with vested interests...(SMC)." ഇത്ര ക്രാന്തദര്‍ശികളായ സ്വമക ഇനി പൊതുധാരയിലിക്കിറങ്ങണമെന്നപേക്ഷ. ആദ്യമായി വാഹനമോടിക്കല്‍ യോഗ്യതാ പരീക്ഷയില്‍ ഇപ്പോള്‍ നാലുചക്രവാഹനങ്ങള്‍ക്ക് "H" എന്ന ഇംഗ്ലീഷ് അക്ഷരമാണുപയോഗിക്കുന്നത് അത് സായിപ്പിന്റെ കുത്തകബൂര്‍ഷ്വാ സ്വഭാവം അടിച്ചേല്‍പ്പിച്ചതാണ്. പകരം മലയാളം അക്ഷരം “ക്ഷ” ഉപയോഗിക്കാനൊരു സ്വന്തന്ത്ര പ്രക്ഷോഭം എത്രയും വേഗം തുടങ്ങരുതോ.. ഇരുചക്രവാഹനങ്ങള്‍ക്കുള്ള “8” നു പകരമുള്ള പദം സ്വമക സ്വയം കണ്ടെത്താനപേക്ഷ, ഈയുള്ളവന്റെ തലയില്‍ പകരം നിലാവെളിച്ചം മാത്രമാണുള്ളത്.